Friday, November 26, 2010

അഞ്ചരക്കണ്ടി- എന്‍റെ ഗ്രാമം



1767-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചരക്കണ്ടിയില്‍ 500 ഏക്കര്‍ പ്രദേശത്ത് സുഗന്ധ വ്യഞ്ജനങ്ങള്‍ കൃഷി ചെയ്യുവാനായി ഒരു എസ്റ്റേറ്റ്‌ സ്ഥാപിച്ചു. ഇവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത് ഗ്രാമ്പൂ, ജാതി, കുരുമുളക്, പിന്നെ സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപെടുന്ന കറുവപ്പട്ടയും ആയിരുന്നു ഇന്ന് പകഷെ കറുവപ്പട്ട മാത്രമേ ഉള്ളു. കൂടാതെ തെങ്ങും കുറച്ചു റബ്ബറും ഉണ്ട്. എസ്റ്റേറ്റിന്റെ വിസ്തീര്‍ണം 200 ഏക്കര്‍ ആയി ചുരുങ്ങുകയും ചെയ്തു. 1850-ല്‍ ആണ് ലോര്‍ഡ് മര്‍ഡോക്ക് ബ്രൌണ്‍ എന്ന സായിപ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി അഞ്ചരക്കണ്ടിയില്‍ എത്തിച്ചേരുകയും അതിനു ‘രണ്ടുതറ ‘എസ്റ്റേറ്റ്‌ എന്ന പേരിടുകയും ചെയ്തത്. ഇവിടെ നിനും സിനമണ്‍ (കറുവപ്പട്ട) ഓയില്‍ സംസ്കരിചെടുക്കുകയും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ഉണ്ടായി.

ഇന്ത്യയിലെ ആദ്യത്തെ സബ്-രജിസ്ട്രാര്‍ ഓഫീസ്.
Anjarakndy Sub-Registry office

(എന്‍റെ സുഹൃ‍ത്ത് പ്രജിത്ത് എടുത്ത് അയച്ചു തന്നതാണ് ഈ ഫോട്ടോ)
ബ്രൌണ്‍ സായിപ്പ് പിന്നീട് ഭൂമി അളന്നു തിട്ട പെടുത്തുകയും അതിന്റെ രേഖകള്‍ സൂക്ഷിക്കുകയും ചെയ്യുവാന്‍ തുടങ്ങി. ഭൂമി കൈവശം ഉള്ളവര്‍ക്കെല്ലാം അതിന്റെ രേഖകള്‍ ഉണ്ടാക്കുകയും ചെയ്തു. അങ്ങിനെ 1865 ഫെബ്രുവരി ഒന്നാം തീയതി സര്‍ക്കാര്‍ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ സബ്ബ് രജിസ്ട്രര്‍ ആഫീസ് അഞ്ചരക്കണ്ടിയില്‍ ആരംഭിയ്ക്കുകയും ചെയ്തു.
karuvapatta....

ഈ എസ്റ്റേറ്റിനോട് അനുബന്ധിച്ച് അദേഹം ഒരു കൂറ്റന്‍ ബംഗ്ലാവ് അഞ്ചരകണ്ടി പുഴയുടെ തീരത്ത് സ്ഥാപിച്ചു അത് നിര്‍മിച്ചത് ഇംഗ്ലണ്ടിലെ തെംസ് നദി തീരത്തുള്ള ഒരു ബംഗ്ലാവിന്റെ മാതൃകയില്‍ ആയിരുന്നു. കൂടാതെ അന്നൊക്കെ ധാരാളം ജോലിക്കാര്‍ അവിടെ ജോലി ചെയ്തിരുന്നു. അവര്‍ക്ക് ജോലി സമയം മനസിലാക്കാനായി ഒരു വലിയ മണിയും അവിടെ തോട്ടത്തില്‍ ഉണ്ടായിരുന്നു. എന്നും രാവിലെയും വൈകുന്നേരവും കൃത്യം 6 മണിക്ക് മണി മുഴങ്ങും. ഒരു ഗ്രാമത്തെ ഉണര്‍ത്തിയിരുന്ന ആ മണിയും കാലപ്പഴക്കത്തില്‍ നിശ്ചലമായി.
1903-ല്‍‍ കേരളം സിംഹം എന്നറിയപെടുന്ന വീര പഴശ്ശി ഇവിടെ വച്ചായിരുന്നു പട വെട്ടിയത്. നെപ്പോളിയനെ തോല്‍പ്പിച്ച് വന്ന ആര്‍തര്‍ വെല്ലസ്ലിക്ക് പഴശിരാജയുടെ ഒളിയുദ്ധത്തെ നേരിടുവാന്‍ വളരെ പാട് പെടേണ്ടി വന്നു. ഒടുവില്‍ സ്വന്തം കൂട്ടാളി നടത്തിയ ഒറ്റിലൂടെ …..ഈ കഥകളൊക്കെ ഇന്നത്തെ തലമുറയില്‍ എത്ര പേര്‍ക്കറിയാം ……? ഇന്ന് അഞ്ചരക്കണ്ടിയില്‍ ചരിത്രത്തിന്റെ ആ മണി മുഴങ്ങുന്നില്ല തല ഉയര്‍ത്തി നില്‍കുന്ന ആ ബംഗ്ലാവ് ഇന്നവിടെ ഇല്ല പകരം സ്വകാര്യ വ്യക്തികളുടെ മന്ദിരങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. കാലം കടന്നു പോകുമ്പോളും ഇനി ഒരിക്കലും ഉയിര്‍ത്തെഴുനെല്‍ക്കാത്ത ആ ചരിത്ര സ്മാരകങ്ങള്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. ബ്രിട്ടീഷ്കാര്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ തോട്ടം കൈക്കലാക്കുകയും അവിടെ അവര്‍ പടു കൂറ്റന്‍ സ്ഥാ‍പനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു കഴിഞ്ഞു .പച്ചപ്പ്‌ നിറഞ്ഞു നില്‍ക്കുന്ന ആ തോട്ടം ഇനി എത്ര കാലം അവിടെ കാണും എന്ന് ആര്‍ക്കറിയാം ….?

ഇതു അഞ്ചരകണ്ടിയിലെ കക്കൊത്ത് ഭഗവതി കാവ് ……..

കക്കോത്ത് ഭഗവതി കാവ് (കണ്ണൂര്‍ )

കക്കോത്ത് ഭഗവതി കാവ് (കണ്ണൂര്‍ )

കണ്ണൂര്‍ തിറകളുടെ നാടു എന്ന് പറയുന്നത് തന്നെ എത്ര ശരിയാണ്, ഏതൊക്കെ വിധത്തിലുള്ള തെയ്യ കോലങ്ങള്‍,എത്ര എത്ര കാവുകള്‍,ആചാരങ്ങള്‍,അനുഷ്ടാനങ്ങള്‍.ഒരു ഗ്രാമത്തിന്‍റെ ഭംഗിയും വാസ്തു ശില്പ വിദ്യയും പഴമയുടെ പ്രൌഡിയും ഒത്തു ചേര്‍ന്ന കാവുകളും അവയുടെ പരിസരങ്ങളും ഗ്രാമീണതയുടെ പര്യായങ്ങള്‍ ആണ്.

ടിപ്പു സുല്‍ത്തന്റെ പടയോട്ടത്തില്‍ വടക്കേ മലബാറില്‍ നശിപ്പിക്കപെടാത്ത അപൂര്‍വ്വം കാവുകളില്‍ ഒന്നാണ് ഇതു.ഒരു നാടിനെ സംരക്ഷിക്കുന്ന ഭഗവതി ഉണ്ട്‌ ഇവിടെ, ഇവിടെ വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തില്‍ ഉല്‍സവം ഭഗവതിയുടെ തീരുമുടി വളരെ പ്രസിദ്ധമാണ്‌ ഭഗവതിയുടെ അനുഗ്രഹം വാങ്ങിക്കുവാന്‍ ആയിരങ്ങള്‍ ഇവിടെ വര്‍ഷം തോറും വന്നു പോവുന്നു……………


ചരിത്രം ഉറങ്ങുന്ന ഈ മണ്ണില്‍ അഞ്ചരക്കണ്ടി പുഴ ഒരു ഗ്രാമത്തിന്റെ പൂര്‍ണ വിശുദ്ധിയോടെ എല്ലാം കണ്ടും കേട്ടും സ്വച്ഛന്ദമായി ഒഴുകുന്നു. ,എങ്കിലും ആ പുഴയുടെ ഓളങ്ങള്‍ക്ക് ഒരുപക്ഷെ നിങ്ങളോടൊക്കെ ഒരു പാട് ചരിത്ര കഥകള്‍ പറയാനുണ്ടാവും ടിപ്പുവിനെ തുരത്തിയോടിച്ച വീര പഴശ്ശിയുടെ സാഹസിക കഥകള്‍ പോലുള്ളവ.., അഞ്ചരക്കണ്ടി പുഴ പിന്നെയും ഒഴുകുന്നു.. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര കഥകളുടെ സ്മൃതികളും പേറി ..ഇന്ന് ചരിത്രത്തിന്റെ അവശേഷിപ്പുകളായി തോട്ടവും സബ് രജിസ്ട്രെര്‍ ആഫീസും മാത്രം ബാക്കി………

എന്‍റെ ഗ്രാമം /My village


എങ്കിലും അവിടെ ഉള്ള നല്ലവരായ നാട്ടുകാരും പ്രകൃതിയും നിങ്ങളെ അങ്ങോട്ടേക്ക് സ്വാഗതം ചെയ്യുന്നു.അവിടെ ഉറഞ്ഞു തുള്ളുന്ന കോമരങ്ങളെ കാണാം, ഉറങ്ങാത്ത രാത്രികളില്‍ കെട്ടിയാടുന്ന തെയ്യങ്ങളും ചെണ്ട മേളങ്ങളും ഉണ്ട്,തോറ്റം പാട്ടുകള്‍ കേള്‍ക്കാം കുരുത്തോല തോരണങ്ങളും കളിവിളക്കുകളും കൊണ്ടു അലങ്കരിച്ച കാവുകള്‍ അതി മനോഹരമാണ്. കെട്ടിയാടപ്പെടുന്ന കോലങ്ങള്‍ അനുഗ്രഹിച്ചു നിങ്ങളെ യാത്രയാക്കുന്നു വീണ്ടും അടുത്ത തവണ കാണാം എന്ന് പറഞ്ഞുകൊണ്ട്……..

No comments: